പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവർണറും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന് അന്തരിച്ചു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വെച്ചാണ് അന്ത്യം. 90 വയസായിരുന്നു.
സംസ്ഥാന മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാരംയ ചെയ്ത ഇദ്ദേഹം യുഡിഎഫ് കണ്‍വീനര്‍ ചുമതലയും വഹിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്.
ശങ്കരന് നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 2006ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നൊഴിവായ ശങ്കരനാരായണന് 6 സംസ്ഥാനങ്ങളുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2007-ലാണ് ആദ്യമായി ഗവര്‍ണറാവുന്നത്.
പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1977-ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ല്‍ ഒറ്റപ്പാലത്ത് നിന്നും 2001-ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1982-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.1985 മുതല്‍ 2001 വരെ നീണ്ട പതിനാറ് വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു.
1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978-ല്‍ കെ.കരുണാകരന്, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു


