ദില്ലി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി (എഎപി) ഷെല്ലി ഒബ്റോയിയെ നാമനിര്‍ദേശം ചെയ്തു. എഎപി എംഎല്‍എ ഷോയിബ് ഇഖ്ബാലിന്റെ മകന് ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും നാമനിര്‍ദേശം ചെയ്തു. ജനുവരി ആറിനാണ് ദില്ലി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്.
39 കാരിയായ ഷെല്ലി ഒബ്റോയ് ദില്ലി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസറായിരുന്നു. മുന്‍ ദില്ലി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ തട്ടകവും ബിജെപിയുടെ ശക്തികേന്ദ്രവുമായ വാര്‍ഡില്‍ നിന്നാണ് ആദ്യ അങ്കത്തില്‍ തന്നെ ഷെല്ലി ഒബ്രോയി വിജയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ദില്ലിയില്‍ വനിതയെ മേയറാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍മാരാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. ഡിസംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപിയുടെ കുത്തക അവസാനിപ്പിച്ചാണ് എഎപി ഭരണം പിടിച്ചെടുത്തത്.
എഎപി വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമെന്നും ബിജെപിയുടെ ആദേശ് ഗുപ്ത പറഞ്ഞു. ദില്ലിയിലെ 250 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഏഴ് ലോക്സഭ, മൂന്ന് രാജ്യസഭാ എംപിമാരും ദില്ലി നിയമസഭാ സ്പീക്കര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 14 എംഎല്‍എമാരും ചേര്‍ന്നാണ് മേയറെ തെരഞ്ഞെടുക്കുന്നത്.


