സിപിഐക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനല്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ചാന്‍സലര്‍ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്റെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ന് നിയമസഭയില്‍ ലോകായുക്ത ഭേദഗതി ബില്ലും നാളെ സര്‍വകലാശാല ഭേദഗതി ബില്ലുമൊക്കെ വരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ദേശാഭിമാനി രംഗത്തു വന്നത്.
2019ല്‍ ഡിസംബറിലാണ് ചരിത്ര കോണ്‍ഗ്രസിന് കണ്ണൂര്‍ സര്‍വ്വകലാശാല ആതിഥ്യം വഹിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടന്നപ്പോഴാണ് ചരിത്ര കോണ്‍ഗ്രസ് ചേര്‍ന്നത്. ചരിത്ര കോണ്‍ഗ്രസിന്റെ വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വിസിയെ ഗവര്‍ണര്‍ അക്രമിയായി ചിത്രീകരിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നത്. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ വന്ന ഗവര്‍ണര്‍ നിയമത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ചരിത്രകാരന് പ്രൊഫ. ഇര്ഫാന് ഹബീബ് എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ഗവര്‍ണറുടെ ആരോപണത്തിനുള്ള മറുപടി അന്നത്തെ പത്രത്താളുകളില്‍ ഉണ്ടെന്ന് മുഖപത്രത്തില്‍ പറയുന്നു.
ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റിനെ കണ്ണൂര്‍ വിസിയാക്കിയ കോണ്‍ഗ്രസ് അക്കാദമി മികവിനെക്കുറിച്ച് പറയുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
മുഖപ്രസംഗത്തില്‍ പറയുന്നത്….
”നിലപാടുകളുടെ പേരില്‍ ജീവന് ബലികൊടുക്കേണ്ടിവന്ന ജ്ഞാനവൃദ്ധരും പ്രക്ഷോഭകരും കുറച്ചൊന്നുമല്ല. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, സ്റ്റാന്‍സ്വാമി, ഗൗരി ലങ്കേഷ് തുടങ്ങി നിരവധിപേര്‍. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കില്‍ കൊന്നുതീര്‍ക്കുക; ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും ‘സംഘ’ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.വിദ്വേഷം വളര്‍ത്തിയും പണമുപയോഗിച്ചും ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാര വാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വിഴിവിട്ട നടപടികള്‍.
നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും ഗവര്‍ണരുടെ ഭാഗത്തുനിന്നുമുണ്ടായി. സമവായത്തിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. 11 ഓര്ഡിനന്സിന്റ പുനര്‍വിജ്ഞാപനത്തിന് സമ്മതിക്കാതിരുന്നത് മൂലമാണ് നിയമസഭ ചേരേണ്ടി വന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന നിര്‍ദേശവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാലയെയും വിസിയെയും പരസ്യമായി അപമാനിച്ചു. രാജ്ഭവനില്‍ വിളിച്ചുവരുത്തി വിസിയെ ആക്ഷേപിച്ചു. ചാന്ലിര് ട്രോഫി പ്രഖ്യാപിക്കാത്തതും ഗവര്‍ണറുടെ പ്രതികാര ചിന്തയാണ്.


