കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കാനാണ് കെ എം ഷാജി വിജിലന്‍സ് ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച ഷാജിയെ അഞ്ചു മണിക്കൂറോളം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ആവശ്യത്തിന് പിരിച്ചെടുത്ത തുകയാണെന്നു അറിയിച്ച ഷാജി അതിന്റെ രസീതുകളും കൗണ്ടര്‍ ഫോയിലുകളുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വിവിധ മണ്ഡലം കമ്മറ്റികള്‍ പിരിച്ചെടുത്ത തുകയുടെ രേഖകള്‍ സമാഹരിക്കാന്‍ സമയം വേണമെന്ന് ഷാജിയും ആവശ്യപ്പെട്ടിരുന്നു.
ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടെയും വീടുകളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നാണ് ഷാജി പറയുന്നത്.
എംഎല്‍എ പദവിയിലെത്തിയ ശേഷമാണ് ഷാജി കോഴിക്കോടും കണ്ണൂരും ഭാര്യയുടെ പേരില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദിച്ചറിയും.


