കോഴിക്കോട്: ഒളിവിൽ പോകുക എന്നത് പുതിയ സംഭവമല്ല. എല്ലാ പാർട്ടിക്കാരും ഇത്തരത്തിൽ മാറിനിന്നിട്ടുണ്ട്. മാറിനിന്ന് മുൻകൂർ ജാമ്യം കൊടുത്തിട്ടുണ്ടെന്നും സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞഹമ്മദ് പറഞ്ഞു.
പൗരന്റെ അവകാശമാണ് ഇത്. ഒളിവിൽ കഴിയുക എന്നത് തെറ്റായ കാര്യമല്ല. പല ആളുകളും ഒളിവിൽ പോയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജരേഖ ചമച്ച കേസിൽ കെ. വിദ്യയെ ഒളിവിൽ കഴിയാനോ മറ്റു കാര്യങ്ങളിലോ പാർട്ടി സഹായിച്ചിട്ടില്ലന്നും പാർട്ടിക്ക് വിദ്യയുടെ അറസ്റ്റുമായോ ഒളിവിൽ കഴിയാൻ സഹായിച്ചതുമായോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് പോലീസാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘കെ. വിദ്യ യെ പഴയ എസ്.എഫ്.ഐക്കാരുടെ വീട്ടിലോ മറ്റോ താമസിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. എവിടെയാണ് ഒളിച്ചത്, ആരാണ് ഒളിപ്പിച്ചത് എന്ന കാര്യം പോലീസ് പറയട്ടെ. അനാവശ്യ കാര്യങ്ങളിൽ പാർട്ടിക്ക് ഇടപെടേണ്ട കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


