രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊവിഡ്-19 നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ എംപിമാര്‍. ഭാരത് ജോഡോ യാത്രയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇപ്പോള്‍ രാഹുലിന്റെ യാത്രയിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ചോദിച്ചു. രാജ്യത്തെ മറ്റ് പരിപാടികള്‍ക്ക് ഇത് ബാധകമല്ലേയെന്നും ചിദംബരം ചോദിച്ചു.
‘ഭാരത് ജോഡോ യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ബിജെപിയെ പേടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഞെട്ടലിലാണ് ഇതെല്ലാം ചെയ്യുന്നത്. ഗുജറാത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോള്‍ മോദീജി മാസ്ക് വെച്ചിരുന്നോ?. ആരോഗ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര അത്ര ഇഷ്ടപ്പെട്ടില്ലായിരിക്കാം. പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം ഇഷ്ടമായിട്ടുണ്ട്.
മോദി മീഡിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാന്‍ഡകള്‍ പൊളിക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഹുലിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പിന്തുണകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാണ്ഡവ്യയെ ഇറക്കി ഏത് വിധേയനേയും യാത്രയെ തടസപ്പെടുത്താനും ജനങ്ങളുടെ മസ്സ് മാറ്റാനും ശ്രമിക്കുന്നത്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇരുവര്‍ക്കും കത്തയച്ചത്. ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.


