പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. സംഭവത്തില്‍ മന്ത്രിയ്ക്കു ജാഗ്രത കുറവുണ്ടായി. എന്നാല്‍ വിവാദത്തില്‍ എന്‍സിപി പ്രതിരോധത്തില്‍ അല്ല. സംഭവം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. യുവതി പൊലീസിന് നല്കിയ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല.
പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. അത് നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കേസ് എന്നൊരു വാക്ക് ശശീന്ദ്രന് പറഞ്ഞിട്ടില്ല. ഇത് വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകള്‍ നിലപാട് എടുത്തിരുന്നു. എന്നുകരുതി അദ്ദേഹം രാജിവച്ചിട്ടില്ല. പീഡന പരാതി വ്യാജമെന്ന് വ്യാഖ്യാനിക്കാം. പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ചാക്കോ പറഞ്ഞു.
ശശീന്ദ്രന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ല. വസ്തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരും രാജിവയ്ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂവെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രി എകെ ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കും. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.


