യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ കമ്പവല മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദേശ കുത്തകകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതാനുള്ള നീക്കം എന്തുവിലകൊടുത്തും യുഡിഎഫ് ചെറുക്കും. ഓഖിക്കുശേഷം തീരപ്രദേശം വറുതിയിലാണ്. മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്ന ഈ തീരുമാനം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാണ്. എല്‍ഡിഎഫിനെ മത്സ്യനയം ഇതിനുദാഹരണമാണ്. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ജാഗരൂകരായിരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറ മുതല്‍ വേളി വരെയുള്ള കമ്പവല മത്സ്യത്തൊഴിലാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന ജനപ്രതിനിധിയാണ് ശിവകുമാര്‍. ഓഖി ദുരന്ത ബാധിതരുടെയും മത്സ്യത്തൊഴിലാളികളുടെയും കമ്പവല തൊഴിലാളികളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണയാണ് ശിവകുമാര്‍ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത്.

ഓഖി ദുരന്തമുണ്ടായപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലായെങ്കിലും രണ്ടുമാസത്തോളം തീരദേശവാസികള്‍ക്കൊപ്പം നിന്ന ജനപ്രതിനിധിയാണ് അദ്ദേഹം. കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിക്കാതിരുന്നപ്പോള് എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിച്ച നടപടി തീരദേശവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ നേതാവായത് കൊണ്ടാണ്.
യുഡിഎഫിന്റെ പ്രകടന പത്രികയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മണ്ണെണ്ണ സബ്സിഡി അനുവദിക്കുന്നതിനും പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശശിതരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റാന്‍ പാര്‍ലമെന്റംഗം ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും പരിശ്രമിച്ച ജനപ്രതിനിധി കൂടിയാണ് ശിവകുമാറെന്നും ശശിതരൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാതൃകാ പഠനവും പാരിസ്ഥിതിക പഠനവും പൂര്‍ത്തിയാക്കി വലിയ പൂന്തുറ ഫിഷിംഗ് ഹാര്ബറുകള്ക്കായി ബജറ്റില്‍ പത്തു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ആ പദ്ധതി വേണ്ടെന്നുവയ്ക്കുകയാണ് ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുമെന്നും, ഓഖി ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച സ്ഥിര നിയമനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവകുമാര്‍ പറഞ്ഞു.
യോഗത്തില്‍ കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതാവ് ടോണി ഒളിവര്‍ അധ്യക്ഷനായിരുന്നു. പാട്രിക് പെരേര, ലെഡ്ഗര്‍ ബാവ, ടൈറ്റസ്, സേവിയര്‍ ലോപ്പസ്, എം.എ.പത്മകുമാര്‍, പാളയം ഉദയന്‍, പി.പത്മകുമാര്‍, ജയ്സണ്‍, മാര്ട്ടിന് ഡേവിഡ്സണ്, അനി, നസീര്‍, സെറാഫിന് ഫ്രെഡി, സജീന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


