കോട്ടയം: ഉമ്മൻ ചാണ്ടിക്ക് യാത്ര മൊഴിയേകാൻ രാവേറെ ചെന്നിട്ടും വഴിവക്കിൽ കാത്തുനിന്നവരുടെ എണ്ണം എത്രയെന്നെണ്ണി പറയാൻ കഴിയില്ല. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തെത്തുക 25 മണിക്കൂർ പിന്നിട്ട ശേഷമാണ്. കണ്ണീരിൽ കുതിർന്ന കാഴ്ചയാണ് എങ്ങും കണ്ടത്. പ്രീയ നേതാവിനെ ഒരു നോക്ക് കാണാനുളള മണിക്കൂറുകൾ താണ്ടിയുള്ള കാത്തുനിൽപ്പിൽ തന്നെ അറിയാം ജന ഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിക്കുള്ള സ്ഥാനം.
വഴികളിൽ ആളുകളൊഴിയാതെ വന്നതോടെ 12 മണിക്കൂറാണ് വിലാപയാത്ര വൈകിയത്. ബുധനാഴ്ച രാവിലെ 7.30ഓടെ പുറപ്പെട്ട വിലാപയാത്ര കോട്ടയം ചങ്ങനാശേരിയിലെത്തിയത് വ്യാഴാഴ്ച പുലർച്ചെ ആറ് മണിക്കാണ്. പതിനായിരത്തിലധികം പേരാണ് ഇവിടെ കാത്തു നിന്നത്. പോലീസ് വടം കെട്ടി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. മഴയെ അവഗണിച്ചാണ് ജനകൂട്ടം ഉമ്മൻ ചാണ്ടിയെ കാണാൻ കാത്തുനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ എസ് ബി കോളേജിന് മുന്നിൽ വിലാപയാത്രയെത്തി, വിദ്യാർഥികളും കോളേജ് അധികൃതരും ആദരമർപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുനക്കരയെത്തുമെന്ന് കരുതിയിരുന്ന വിലാപയാത്രയാണ് 9 മണിയോടടുപ്പിച്ച് ഇവി ടേക്ക് എത്തിചേർന്നത്.
പൊതുദർശനം നിയന്ത്രിക്കാൻ 1600 ഓളം പൊലീസുകാരെയാണ് തിരുനക്കര മൈതാനിയിൽ വിന്യസിച്ചിരിക്കുന്നത്. സമീപ ജില്ലകളിൽ നിന്നുള്ള പോലിസുകാരും ഇവിടെ എത്തി ചേർന്നിട്ടുണ്ട്.
ജനനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനാഗ്രഹിച്ചെത്തുന്നവർക്കെല്ലാം അവസരം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് തിരുനക്കരയിൽ ആളുകൾ മണിക്കൂറുകളോളം കാത്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ കാത്തിരിക്കുന്നവരും ഈ ജനക്കൂട്ടത്തിലുണ്ട്. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും കോൺഗ്രസ് നേതാക്കളും തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നുണ്ട്. മുഴുവൻ പേരും കണ്ടതിന് ശേഷം മാത്രമായിരിക്കും ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക.