കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക പ്രതിഷേധം. മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവമോര്‍ച്ചയും എത്തിയപ്പോള്‍, കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്ഐയും തെരുവിലിറങ്ങി.
തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് കളക്ടറേറ്റിലേക്ക് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് അല്പസമയത്തിനകം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും കളക്ടറേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്നു. ഇവിടെയെത്തിയ പൊലീസുമായും ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ജലപീരങ്കി പ്രയോഗവും. ഇതില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് തലയ്ക്ക് പരിക്കേറ്റു.
ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം -കോട്ടപ്പടി റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് ജലപീരങ്കിപ്രയോഗമുണ്ടായി, പിന്നാലെ ലാത്തിച്ചാര്‍ജും. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു.
കെ ടി ജലീലും എം സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പൊലീസ് രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്റെ രാജി ആവശ്യം ഉന്നയിച്ച് ഇടുക്കി നെടുംകണ്ടം സിവില്‍ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി.
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് ബിജെപിയും മാര്‍ച്ച് നടത്തി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തിരുവനന്തപുരം ജിപിഒ ഓഫീസിന് മുന്നില്‍ ഡിവൈഎഫ്ഐ പ്രതിഷേധ ധര്‍ണയും നടത്തി.


