തിരുവനന്തപുരം: വിഭാഗിയത വില്ലനായപ്പോള്‍ ആള്‍മാറാട്ടം പുറത്തായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടമാണ് പാര്‍ട്ടിക്ക് നാണക്കേടായത്. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് കളം പിടിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎല്‍എയും വിവാദത്തിലാണ്. വിശാഖിനെ തിരുകി കയറ്റാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചത് എംഎല്‍എ ആണെന്നാണ് ആരോപണം.
വിവാദം ആകുന്നതിനു മുന്‍പ് തന്നെ വിവരമറിഞ്ഞ പാര്‍ട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷനേയും നിയോഗിച്ചിരുന്നു. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നല്‍കിയതായാണ് വിവരം. സംഭവം വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.