രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ഒഴിച്ച് എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി തിളങ്ങിയ കെകെ ശൈലജ മന്ത്രിയാകില്ല. രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ. ശൈലജക്ക് മാത്രമായി ഇളവ് വേണ്ടെന്നാണ് സിപിഎം തീരുമാനം. എം.ബി.രാജേഷ് സ്പീക്കറാകും. ആര്.ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതകള്‍ മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടാകും.
മന്ത്രിമാര്‍: കെ. രാധാകൃഷ്ണന്, എംവി. ഗോവിന്ദന്, പി.രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, സജി ചെറിയാന്, വീണാ ജോര്‍ജ്, ആര്. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്.
കെ.കെ. ശൈലജയെ ഒഴിവാക്കിയും എം.ബി. രാജേഷിനെ സ്പീക്കറാക്കിയും രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാവരും പുതുമുഖങ്ങള്‍. എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്, വി.എന്‍ വാസവന്, വി.ശിവന്‍കുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാന് എന്നിവരുള്‍പ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയും കെ.കെ ശൈലജയും ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രിമാരെ സിപിഐഎം പ്രഖ്യാപിച്ചത്. എല്ലാവരും പുതുമുഖങ്ങള്‍ എന്നിരിക്കെ, ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നാണ് സെക്രട്ടറിയറ്റ് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ (60,963) യാണ് കെ.കെ ശൈലജ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
വീണാ ജോര്‍ജും ആര്. ബിന്ദുവും ആണ് സിപിഐഎം കളത്തിലിറക്കിയിരിക്കുന്ന വനിതാ മന്ത്രിമാര്‍. ആറന്മുളയില് നിന്ന് രണ്ടാം ഊഴത്തിലും വിജയിച്ചുകയറിയ വീണാ ജോര്‍ജിന് സാമുദായിക പരിഗണന അടക്കം നല്‍കിക്കൊണ്ടാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്. കേരള വര്‍മ കോളജ് പ്രഫസര്‍ കൂടിയായ ആര്. ബിന്ദു ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എം.വി ഗോവിന്ദന്, പി. രാജീവ്, കെ രാധാകൃഷ്ണന് കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മന്ത്രിസഭയിലേക്ക് എത്തുന്നത്. നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സ്പീക്കര്‍ സ്ഥാനമാണ് തൃത്താല എംഎല്‍എ എംബി രാജേഷിന് നല്‍കിയിരിക്കുന്നത്.
സിപിഐയില്‍ നാല് പേരും പുതുമുഖങ്ങളാണ്. ചിഞ്ചുറാണി, പി. പ്രസാദ്, ജി.ആര് അനില്‍, കെ രാജന് എന്നിവരാണ് മന്ത്രിമാര്‍. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തുടരും. ഇ.കെ വിജയനാണ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ്. 1961 ല്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രിയാകും ഇതോടെ ചിഞ്ചുറാണി.


