തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി എന്ത് വളഞ്ഞ വഴികളും സ്വീകരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഇതിന്റെ തെളിവാണ്.
രാജ്യത്ത് അഴിമതിക്കാർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധപതിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി പ്രസ്താവനയിറക്കിയത് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം ഇല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു.
ജയ്ഹിന്ദ് ചാനലിന്റെ അക്കൗണ്ടും കേന്ദ്ര സർക്കാർ ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ പോലും തടസപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര തല്‍സമയം കാണിക്കുന്നതാണ് ജയ്ഹിന്ദ് ചാനല്‍ ചെയ്ത തെറ്റെങ്കില്‍ അത് നടപടി സ്വീകരിക്കാനുള്ള ആർജവം നരേന്ദ്ര മോദിയും കേന്ദ്ര ഏജൻസികളും കാണിക്കണം. ഇത്തരം ഏകാധിപത്യപരമായ മനോഭാവത്തെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


