കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതിയധിക്ഷേപക്കേസില് പരാതിക്കാരിയെ സമ്മര്‍ദത്തിലാക്കാന്‍ പൊലീസ് നീക്കം. എംഎല്‍എയേയും ഭാര്യയേയും ആക്ഷേപിച്ചെന്ന പരാതിയില്‍ ജിഷയ്ക്കെതിരെയും പൊലീസ് കേസെടുത്തു. എംഎല്‍എ തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നു പരാതിക്കാരിയുടെ മൊഴി പകര്‍പ്പ് പുറത്ത് വന്നു. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു. എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.
അതേസമയം കേസില്‍ പരാതിക്കാരി പൊലീസിന് മൊഴി നല്കി. മറ്റുള്ളവരുടെ മുന്നില്‍ വച്ചാണ് തന്നെ പച്ചത്തെറി വിളിച്ചത്. യോഗം തുടങ്ങിയപ്പോള്‍ പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവര്‍ വേദി വിടണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും എംഎല്‍എ ചുമലില്‍ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
നിന്നെ പോലുള്ള ജാതികളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞായിരുന്നു ഇതെന്ന് പരാതിക്കാരി പറഞ്ഞു. തന്നെ അടിക്കാന്‍ ഓങ്ങിയപ്പാള് മറ്റുള്ളവര്‍ തടയുകയായിരുന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. ജിഷയുടെ പരാതിയില്‍ എംഎല്‍എ തോമസ് കെ സോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടിക ജാതി പീഡന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഈ മാസം ഒമ്പതിന് ഹരിപ്പാട് വെച്ചു നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിലായിരുന്നു സംഭവം. വീഡിയോ സഹിതമാണ് പരാതിക്കാരി ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തു പോകണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ഇതാണ് അവരെ പ്രകോപിപ്പിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ തോമസ് കെ തോമസ് തള്ളി. ഇതിനിടയില്‍ എംഎല്‍എയെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന് പരാതിയില്‍ എന്‍സിപി വനിതാവിനെതിരെയും ഹരിപ്പാട് പൊലീസ് കേസ് എടുത്തു. രണ്ട് കേസുകളും കായംകുളം ഡിവൈഎസ്പി അന്വേഷിക്കും. അതേസമയം വനിത നേതാവിനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കുട്ടനാട് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.


