കൊച്ചി : മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് കുരുക്കായി വിദേശയാത്രകളും. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 70 തവണ ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയതായി വിജിലന്‍സ് കണ്ടെത്തി, ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിന്റെ വിദേശയാത്ര വിവാദങ്ങളും ലീഗിന് തലവേദനയായി.
കൊച്ചിയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉള്ളപ്പോള്‍ ഭൂരിഭാഗം യാത്രകളും ദുബായ് വഴിയാണ് പോയിട്ടുള്ളത്. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകളെ കുറിച്ച് അന്വേഷണം നടത്താനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. 2016നു ശേഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിവാദ ദുബായ് യാത്രകള്‍.
ഉംറയ്ക്കായി സൗദിയിലേക്ക് തിരിച്ച ഇബ്രാഹിംകുഞ്ഞ് നിലവില്‍ ദുബായിയില്‍ ആണ്. തിരിച്ചെത്തിയ ശേഷം ഇതുസംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. ദുബായില്‍ ഇബ്രാഹിംകുഞ്ഞിന് ബിനാമി ഇടപാടുകളുണ്ടോയെന്നും പരിശോധിക്കും. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേയും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പാലം നിര്‍മാണ കരാര്‍ കമ്ബനികള്‍ക്ക് മുന്‍ കൂറായി പണം നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശയെ തുടര്‍ന്നാണെന്നാണ് സൂരജ് അന്വേഷണ സംഘത്തിനു മുമ്ബാകെ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം പാലാരിവട്ടം അഴിമതി നടന്ന 2012-14 കാലയളവിലെ ഇബ്രാഹിംകുഞ്ഞിന്റെ ഉറ്റബന്ധുക്കളുടെ സ്വത്തുവിവരങ്ങളും വിജിലന്‍സ് ഇപ്പോള്‍ അന്വേഷണം നടത്തി വരികയാണ്.
അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് വിട്ടു നില്ക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്കു പോയതെന്നും സൂചനയുണ്ട്. ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് പാര്‍ട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമായപ്പോഴും ഇബ്രാഹിംകുഞ്ഞ് എത്തിയിരുന്നില്ലന്നതും ശ്രദ്ദേയമാണ്.


