പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിറണായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനിയറിംഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. സമ്മേളനങ്ങള്‍ നടത്തി കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് വര്‍ഗീയ സംഘടനകള്‍. എന്നിട്ട് പോലും പൊലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആര്.എസ്.എസുമായും എസ്.ഡി.പി.ഐയുമായും സി.പി.ഐ.എമ്മിന് കൊടുക്കല്‍ വാങ്ങലുകളുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന് ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാവാത്തതെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന് നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.


