ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൽസരിക്കുന്ന 16 സീറ്റുകളിൽ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാർഥികളെ കുറിച്ചാണ് തീരുമാനം ആകാത്തത്.

എറണാകുളത്ത് സിറ്റിങ് എംപി കെ.വി.തോമസിനു പകരം ഹൈബി ഈഡൻ എംഎൽഎ മൽസരിക്കും. ശശി തരൂർ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരാണ് മൽസരിക്കുന്ന സിറ്റിങ് എംപിമാർ. കെ.സി.വേണുഗോപാൽ മൽസരിക്കില്ലെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ്ങ് എംപിയായ തനിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.വി. തോമസ് പരസ്യമായി രംഗത്ത് വന്നത് ശ്രദ്ധേയമായി. എന്നാൽ, പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്നാണ് ഹൈബിയുടെ പ്രതികരണം.
16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാർഥികൾ മൽസരിക്കും. ഉമ്മൻ ചാണ്ടിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പാർട്ടി ആന്ധ്രയിൽ അദ്ദേഹത്തിന് ഒരു ചുമതല നൽകിയിരിക്കുകയാണ്. ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക:
∙ തിരുവനന്തപുരം – ശശി തരൂർ
∙ പത്തനംതിട്ട – ആന്റോ ആന്റണി
∙ മാവേലിക്കര– കൊടിക്കുന്നിൽ സുരേഷ്
∙ ഇടുക്കി – ഡീൻ കുര്യാക്കോസ്
∙ എറണാകുളം – ഹൈബി ഈഡൻ
∙ തൃശൂർ – ടി.എൻ. പ്രതാപൻ
∙ ചാലക്കുടി – ബെന്നി ബെഹനാൻ
∙ പാലക്കാട് – വി.കെ. ശ്രീകണ്ഠൻ
∙ ആലത്തൂർ – രമ്യ ഹരിദാസ്
∙ കോഴിക്കോട് – എം.കെ.രാഘവൻ
∙ കണ്ണൂർ – കെ. സുധാകരൻ
∙ കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ

