സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. ആകാശ് തില്ലങ്കേരിയെ കൂടാതെ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും ഇന്ന് ഉച്ചയോടെയാണ് കണ്ണൂരില്‍ പിടിയിലായത്.
മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ ആകാശ് തില്ലങ്കേരി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂര്‍ പോലീസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


