തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ആര്.എസ്.എസ് നേതൃത്വം. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതി. അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നാണ് ആര്‍എസ്എസ്സിന്റെ നിലപാടെന്ന് നേതാക്കള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ്സുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള നിലപാടിനെതിരെ രംഗത്തെത്തിയത്.
നേതൃതലത്തില്‍ ഭിന്നത രൂപപ്പെട്ടതോടെ വിശദമായ കൂടിയാലോചനയ്ക്ക് ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയൊളളുവെന്നാണ് വിവരം. മുസ്ലിംങ്ങളുമായുള്ള ബന്ധം ദൃഢമാക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് നേതൃതലത്തില്‍ ഭിന്നത രൂക്ഷമായത്.
പെരുന്നാളിന് മുസ്ലിം വീടുകളില്‍ വ്യാപക സന്ദര്‍ശനം നടത്തേണ്ടെന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും. മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.
പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്. ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനം വിജയിച്ചുവെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ ഇങ്ങനെയൊരു മുന്നേറ്റം പെരുന്നാള്‍ സന്ദര്‍ശനത്തിലൂടെ കഴിയില്ലെന്നാണ് വിലയിരുത്തല്‍.


