ന്യൂഡൽഹി: മൂന്നു സീറ്റുകൾ ഒഴികെ 13 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ എഐസിസി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മൂന്നു സീറ്റുകളിലെ സ്ഥാനാർഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്.

ഇവിടുത്തെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. കൂടുതൽ ചർച്ചകൾ ആവശ്യമായതിനാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകും ഇക്കര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്.
16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാർഥികൾ മൽസരിക്കും. കേന്ദ്ര സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പാർട്ടി ആന്ധ്രയിൽ അദ്ദേഹത്തിന് ഒരു ചുമതല നൽകിയിരിക്കുകയാണ്. ഏകകണ്ഠമായ തിരുമാനാണ് ഉണ്ടായത്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.


