എല്‍ഡിഎഫ് മാര്‍ച്ച് നടത്തി സമ്മര്‍ദം ചെലുത്തേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട് എന്നാല്‍ സമ്മര്‍ദം ചെലുത്താമെന്ന് കരുതേണ്ട. താന്‍ സമ്മര്‍ദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഇടപെട്ടാണ് തകര്‍ത്തതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഭരണകാര്യങ്ങളില്‍ ഒരിക്കലെങ്കിലും ഇടപെട്ടത് ചൂണ്ടിക്കാണിച്ചാല്‍ രാജിവയ്ക്കാന്‍ തയ്യാറാണ്. ഡല്‍ഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല.
നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണ്. ഞാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാല്‍ താന്‍ അപ്പോള്‍ തന്നെ രാജിവെക്കാം. എന്നാല്‍ തനിക്ക് ആയിരം ഇത്തരം ഇടപെടലുകള്‍ കാണിച്ചുതരാനാവും.
സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ല. ഞാന്‍ വ്യക്തികളെ കുറിച്ചല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നത്. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുന്നു. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ സ്ഥിതി അതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.


