ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു. ഗവര്‍ണര്‍ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.
ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാര്‍ഗനിര്‍ദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ കേരളത്തിന് ഒപ്പംചേരണമെന്ന നിര്‍ദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.
വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവന് ഉപരോധത്തില്‍ പ്രകടമായതെന്ന് സിപിഎം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദനും പ്രഖ്യാപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ ഉള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുറന്നടിച്ചു. കേരള സര്‍വ്വകലാശാലയുടെ ആദ്യ ചാന്സ്ലര് രാജാവ് ആയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഞാനാണ് മഹാരാജാവെന്ന് കരുതുകയാണെന്നും കാനം പരിഹസിച്ചു.


