മുവാറ്റുപുഴ : നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂർത്തീകരിച്ച റോഡ് തുറന്ന് നൽകിയ ട്രാഫിക് എസ്.ഐയെ സസ്പെന്റ് ചെയ്ത സർക്കാർ നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. റോഡിന്റെ ഉദ്ഘാടനം അല്ല ഇവിടെ നടന്നത്. ആദ്യ ഘട്ട നിർമ്മാണം പൂർത്തീകരിച്ചതിനെ തുടർന്ന് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകുവാൻ തീരുമാനിച്ചിരുന്നു. 151 ദിവസമാണ് നഗരം അടച്ചിട്ടു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയത് ട്രാഫിക് പോലീസ് ആണ്.
എംഎൽഎയും നഗരസഭ ചെയർമാനും അടക്കമുള്ള ജനപ്രതിനിധികൾ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ എത്തിയപ്പോൾ സ്വാഭാവികമായി സംഭവിച്ച കാര്യമാണ് ഇത്. ഒറ്റ രാത്രി കൊണ്ട് ഒരു ട്രാഫിക് പോലീസ് എസ്.ഐയെ സസ്പെൻഡ് ചെയ്തത് നഗര വികസനവുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഭീഷണിയാണെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ആരോപിച്ചു.
ഒരു മാസമായി മുവാറ്റുപുഴയിൽ ഗർത്തം ഉണ്ടായിട്ട്. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് ഈ വിഷയത്തിൽ സർക്കാർ തീരുമാനം കൈകൊണ്ടത്. മുവാറ്റുപുഴയിലെ വികസന കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ സാധിക്കാത്തഎൽഡിഎഫ് സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ തിരയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മാത്യു കുഴൽനാടനെതിരെ നേർക്ക് നേർ പോരാടാൻ സിപിഎം തയ്യാറാകണം. ഉദ്യോഗസ്ഥരെ ബലിയാടക്കിയുള്ള ഈ നടപടി പിൻവലിച്ചില്ലെങ്കിൽ പൊതു ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പറഞ്ഞു.