കൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എം പിക്കെതിരെ പുലഭ്യം പറയാമെന്ന് ആരും കരുതേണ്ടന്ന് ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയംഗം എ എ അസീസ്. പ്രേമചന്ദ്രന് എം പി ക്ക് കൊമ്പുണ്ടോയെന്ന സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എം എ ബേബിയേയും കെ എന്‍ ബാലഗോപാലിനെയും പരാജയപ്പെടുത്തിയ പ്രേമചന്ദ്രന് കൊമ്പുണ്ടെന്നും അസീസ് തിരിച്ചടിച്ചു.
സിപിഐഎം ജില്ലാ ഘടകമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സിപിഐഎം-ആര്‍എസ്പി വാക്പോരിന് തുടക്കം കുറിച്ചത്. കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ എന്നും വിജയിക്കാമെന്ന ആര്‍എസ്പിയുടെ ധാരണ തെറ്റാണെന്നും പ്രേമചന്ദ്രന് മാത്രം കൊമ്പുണ്ടോ എന്നായിരുന്നു ജില്ലാ സെക്രട്ടറി എസ് സുദേവന്റെ ചോദ്യം. എല്ലാവരും എപ്പോഴും ജയിച്ച ചരിത്രമില്ലെന്നും സുദേവന് ചൂണ്ടിക്കാട്ടി. സുദേവന് പുലഭ്യം പറയുകയാണെന്നും അഖിലേന്ത്യാടിസ്ഥാനത്തില്‍ സീതാറാം യെച്ചൂരി പോലും അംഗീകരിക്കുന്ന പ്രേമചന്ദ്രന് കൊമ്പുണ്ടെന്നും എ എ അസീസ് തിരിച്ചടിച്ചു.
കൊല്ലം പാര്‍ലമെന്റില്‍ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഐഎമ്മിന് സ്ഥാനാര്‍ഥി പോലുമില്ല. പ്രേമചന്ദ്രന് മികച്ച എം പിയായത് കൊണ്ടാണ് ഇതിന് സാധിക്കാത്തതെന്നും അസീസ് കുറ്റപ്പെടുത്തി.