നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാര്‍ട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന് കോണ്‍ഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ അറിയിച്ചു. അഞ്ച് ദിവസത്തോളമായി ഡല്‍ഹിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുക.
പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവര്‍ തന്നെ അവകാശപ്പെട്ട നേമത്ത് കെ. മുരളീധരനാകും സ്ഥാനാര്‍ത്ഥി. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ലോക്സഭാ അംഗത്വം രാജിവയ്ക്കാതെയാകും മുരളീധരന് നേമത്ത് സ്ഥാനാര്‍ത്ഥി കുപ്പായം ഇടുക.
ഉമ്മന്‍ചാണ്ടി പതിവ് പോലെ പുതുപ്പള്ളിയില്‍ തന്നെ മത്സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും ആകും മത്സരിക്കുക. എം.പിമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. ആ തീരുമാനത്തില്‍ കെ. മുരളീധരന് മാത്രം പ്രത്യേക ഇളവ് നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേരിനായിരുന്നു പ്രഥമ പരിഗണന. ശശി തരൂര്‍ എം.പിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും മത്സര സന്നദ്ധനായില്ല. തുടര്‍ന്നാണ് കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.