ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുന്‍ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഫഗ്വാരയിലെ ആശുപത്രിയിലെത്തി. കോണ്‍ഗ്രസ് എം.പിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് രംഗത്തെത്തി. എം.പിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം എംപിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചു.


