ഗവര്‍ണര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും കോടിയേരി പറഞ്ഞു.
‘സമ്മര്‍ദങ്ങള്‍ക്ക് താന്‍ വഴങ്ങിയെന്ന് ഗവര്‍ണര്‍ പറയുന്നത് ശരിയല്ലല്ലോ. ഗവര്‍ണര്‍ അങ്ങനെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ പാടില്ലല്ലോ. വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍. വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാരല്ല, സെര്‍ച്ച് കമ്മിറ്റിയാണ്. ഗവര്‍ണര്‍ തന്നെ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റിയാണ്. ഐകകണ്ഠ്യേനയാണ് സെര്‍ച്ച് കമ്മിറ്റി പേരു നല്‍കിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്നമായിരിക്കാം. നമുക്ക് അറിയില്ല. ഗവര്‍ണര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. ഗവര്‍ണറും ഗവണ്മെന്റും തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ചാന്‍സലര്‍ പദവി ഗവണ്മെന്റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണം എന്നാണ് നിലപാട്. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ ഉദ്ദേശിക്കുന്നില്ല’- കോടിയേരി പറഞ്ഞു.
സിപിഐയും ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സര്‍വകലാശാല വിവാദത്തിലൂടെ മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണറുടെ ശ്രമം. പലപ്പോഴും ഗവര്‍ണര്‍ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.


