കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പശ്ചിമ ബംഗാളില്‍ അക്രമാസക്തമാകുന്നു. മുര്‍ഷിദാബാദ് ജില്ലയില്‍ റെയില്‍വേ സ്റ്റേഷന് കോംപ്ലക്സ് പ്രതിഷധക്കാര്‍ തീയിട്ടു. ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ബെല്ദാങ്ക റെയില്‍വേ സ്റ്റേഷന് കോംപ്ലക്സില്‍ ആര്.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.
റെയില്‍സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ സ്റ്റേഷന് കോംപ്ലക്സ് തീയിടുകയായിരുന്നു. റെയില്വേസ്റ്റേഷന് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന രണ്ടുമൂന്ന് കെട്ടിടങ്ങള്‍ക്കും റെയില്‍വേ ഓഫീസിനുമാണ് പ്രതിഷേധക്കാര്‍ തീകൊളുത്തിയതെന്ന് റെയില്‍വേ സുരക്ഷാ സേന പറയുന്നു. ഇത് തടയാന്‍ ശ്രമിച്ച റെയില്‍വേ പൊലീസുകാരെ ക്രൂരമായി മര്‍ദിച്ചതായും സുരക്ഷാ സേന വ്യക്തമാക്കി.
മുര്‍ഷിദാബാദില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടഞ്ഞത് ജനജീവിതം സ്തംഭിപ്പിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഹൗറ ജില്ലയിലെ ഉലുബേരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു.റെയില്‍വേ കോംപ്ലക്സിനും ട്രെയിനുകള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.