സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യാത്ര. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു. പറയാനുളളത് ഫെയ്സ്ബുക്കില്‍ സംസാരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടിയില്ല.
മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയില്‍ കുറിപ്പുറം കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. യാത്ര തുടര്‍ന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്നും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിയുമായി റോഡില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്കു എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


