എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോവളം പോലീസായിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് രാത്രിയോടെ പുറത്തിറങ്ങും.
ലൈംഗികാതിക്രമം, പരുക്കേല്‍പ്പിക്കല്‍, തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്. എംഎല്‍എക്കെതിരെ തലസ്ഥാനത്ത് ടീച്ചറായ ആലുവാ സ്വദേശിനിയാണ് പരാതി നല്‍കിയത്. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയില്‍ സൂയിസൈഡ് പോയിന്റില്‍ വച്ച് എംഎല്‍എ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. നിലവില്‍ എംഎല്‍എ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.


