തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനം. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായിരിക്കും സമിതിയില്‍. .
സംസ്ഥാന സമിതി യോഗത്തില്‍ ഇ പി ജയരാജനും പി ജയരാജനും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നതായും വ്യക്തിഹത്യക്ക് ശ്രമം നടന്നതായും ഇ പി ജയരാജന് ആരോപിച്ചു. അതേസമയം, ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചില്ലെന്നാണ് പി ജയരാജന്റെ വിശദീകരണം. മറ്റൊരാള്‍ എഴുതിത്തന്നത് പാര്‍ട്ടിയെ അറിയിക്കുകയാണ് ചെയ്തതെന്നും വിവാദം അനാവശ്യമായി വഷളാക്കിയെന്നും പി ജയരാജന് പറഞ്ഞു.
കണ്ണൂരിലെ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ഇ പി ജയരാജന് അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന് പി ജയരാജന് ആരോപണം ഉന്നയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, പി ജയരാജന് ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന് നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു.
വലിയ ചര്‍ച്ചയാവുകയും ഇ പി ജയരാജന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ പി ജയരാജന് വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന് പരാതി എഴുതി കൊടുത്തിരുന്നില്ല.


