മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിയാതെ എന്ന വാദം വീണ്ടും പൊളിയുന്നു. തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതിനുള്ള തെളിവായ നാലു പേജ് വിശദീകരണക്കുറിപ്പ് പുറത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ കുറിപ്പ് സുപ്രീംകോടതിയില്‍ നല്‍കില്ലെന്ന് വ്യക്തം.
സെപ്റ്റംബര്‍ 17 ന് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മരം മുറിക്കാന്‍ അനുവാദം നല്‍കിയത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ അവലോകനവുമായി ബന്ധപ്പെട്ടാണ് കേരളതമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഈ വര്‍ഷം സെപ്റ്റംബര്‍ 17 ന് യോഗം ചേര്‍ന്നത്.
മുല്ലപെരിയാര്‍, പാണ്ടിയാര്പുന്നപ്പുഴ പദ്ധതി എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇതിലാണ് ബേബി ഡാമിനു മുന്നിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനമെടുത്തത്. കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ 4 പേജുള്ള നോട്ടിലാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ പ്രതിനിധികളായി ജലവിഭവ അഡി. ചീഫ് സെക്രട്ടറി ടി.കെ.ജോസ്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെഎസ്ഇബി ചെയര്മാന് ഡോ.ബി.അശോക്, ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് ഉള്‍പ്പെടെ 14 പേര് യോഗത്തില്‍ പങ്കെടുത്തു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
മുല്ലപ്പെരിയാര്‍ ബേബി ഡാമില്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന ബലപ്പെടുത്തല്‍ നടപടികള്‍ക്കായി സാമഗ്രികള്‍ എത്തിക്കുന്നതിനും, മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും നീക്കം ചെയ്യുന്നതിനും യോഗം അനുമതി നല്കി.


