കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.
തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഐഎം വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന ഇങ്ങനെ:
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ (എം) ഗൗരവത്തോടെ കാണുന്നു.
ദൃശ്യാവിഷ്ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു.