വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി. ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.
കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍, അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിന്റെ മൊഴിയെടുത്തത്.


