ബെംഗളൂരു: രാഹുലിന്റെ കര്‍ണാടക സന്ദര്‍ശനം വീണ്ടും മാറ്റി. ഏപ്രില്‍ 16 ന് രാഹുല്‍ കോലാറില്‍ നടക്കുന്ന ജയ്ഭാരത് പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ തിരക്കിലായതിനാലാണ് രാഹുലിന്റെ സന്ദര്‍ശനം നീട്ടിയതെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗത്വം നഷ്ടമായ കോലാറിലെ വിവാദ പ്രസംഗവേദിയില്‍ വെച്ചുതന്നെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. അയോഗ്യനാക്കപ്പെട്ടതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്.
ഏഴ് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ നേടിയെടുത്ത പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന് നേരിട്ട അപമാനമാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഏപ്രില്‍ പത്തിന് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റുകയായിരുന്നു.