കണ്ണൂര്‍: പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 11- ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവില്‍ ജില്ലാ കമ്മിറ്റിയിലും എതിര്‍പ്പുണ്ടാകാനിടയില്ല.
നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റാണ് പി ശശി. അതേസമയം പി ജയരാജന് ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറി ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാകും ചുമതലയെന്നാണ് സൂചനകള്‍.


