
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.തമിഴ്നാട്ടിലും ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കും. സിറ്റിങ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും ജനവിധി തേടും. തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണിയുടെ ഭാഗമായി ലഭിച്ച രാമനാഥപുരം ലോക്സഭാ സീറ്റില്‍ നവാസ് ഗനി ലീഗ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി മുന്‍ വ്യവസായ വകുപ്പ് മന്ത്രിയാണ്. രണ്ടാം തവണയാണ് മലപ്പുറത്ത് നിന്ന് ജനവിധി തേടുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായ വി.പി സാനുവാണ് എതിരാളി. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പൊന്നാന്നിയില്‍ നിന്ന് ജനവിധി തേടുന്നത്. സിപിഎം സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി അന്‍വറാണ് ഇടതു സ്ഥാനാര്‍ത്ഥി.
ദേശീയ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വേണ്ടതിനാല്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറുകയാണ്, പകരം രാജ്യസഭയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ ഒഴിവ് വരുന്ന മുറക്ക് പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.


