തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പോളിങ് ശതമാനം അന്പതിനോട് അടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് വിധിയെഴുതുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.
അഞ്ച് ജില്ലകളിലായി അന്‍പതോളം ബൂത്തുകളില്‍ വോട്ടിങ്ങ് മെഷീന് തകരാറിനെ തുടര്‍ന്ന് പോളിങ്ങ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. കൊല്ലത്ത് സി.പി.എം ചിഹ്നം പതിച്ച മാസ്കുമായെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫീസറെയും മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കടയില്‍ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റാന്നിയില്‍ വോട്ടുചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടുചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണ് മരിച്ചു. മത്തായി, ബാലന് എന്നിവരാണ് മരിച്ചത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ബൂത്തില്‍ സി.പി.എം വോട്ട് തേടിയെന്ന കോണ്‍ഗ്രസ് പരാതിയാണ് ബഹളത്തില്‍ കലാശിച്ചത്. പൊലീസെത്തി പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. റാന്നി നാറാണംമൂഴിയില്‍ വോട്ട് ചെയ്തു പുറത്തിറങ്ങിയ പുതുപ്പറമ്പില്‍ മത്തായി കുഴഞ്ഞു വീണു മരിച്ചതും തെരഞ്ഞടുപ്പ് നാളിലെ ദുഖ വാര്‍ത്തയായി.