ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര വിദേശത്ത് വാങ്ങിക്കൂട്ടിയ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചന. ചില തന്ത്രപ്രധാനമായ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച എന്‍ഫോഴ്സ്മെന്റ് വദ്ര അസോസിയേറ്റ്സിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്. വദ്രയുടെ ദില്ലി, ബംഗലുരു ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ വിദേശത്ത് വദ്ര നടത്തിയ ചില സംശയകരമായ ഇടപാടുകളുടെ വിവരങ്ങളാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചതെന്നാണ് സൂചന.
ഇന്ത്യയിലും ലണ്ടനിലും ഉള്ള ചില സ്വത്ത് വിവരങ്ങളും ഇടപാടുകളുമാണ് എന്‍ഫോഴ്സ്മെന്റ് പരിശോധിയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വദ്രയുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ക്ക് ചില പ്രതിരോധ ഇടപാടുകളില്‍ ഇടനില നിന്നതിന് കമ്മീഷന് ലഭിച്ചെന്നും ആ തുകയ്ക്ക് വിദേശത്ത് സ്വത്ത് വാങ്ങി നിക്ഷേപം നടത്തിയെന്നും കണ്ടെത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ ഒരു ആയുധ ഇടപാടുകാരനുമായി നടത്തിയ ഇടപാടുകള്‍ റെയ്ഡില്‍ കണ്ടെത്തിയെന്നാണ് സൂചന. ഇടപാടുകള്‍ ഒന്നും രണ്ടും വര്‍ഷം മാത്രം മുമ്പ് നടന്നതാണ്.
എന്നാല്‍ ഏത് ആയുധ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് സംശയത്തിന്റെ നിഴലിലുള്ള ഇടപാടില്‍ പങ്കാളികളായെന്നതും എന്‍ഫോഴ്സ്മെന്റ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്നും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നുമാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. അഗസ്റ്റവെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ വിവാദ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ യുഎഇയില്‍ നിന്ന് ചോദ്യം ചെയ്യാനായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് റെയ്ഡെന്നതാണ് ശ്രദ്ധേയം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ നടത്തുന്ന വില കുറഞ്ഞ കളികളെന്നാണ് വദ്രയുടെ അഭിഭാഷകന് ആരോപിച്ചത്.
സെര്‍ച്ച് വാറണ്ട് പോലുമില്ലാതെയാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വദ്ര അസോസിയേറ്റ്സില്‍ റെയ്ഡ് നടത്തിയതെന്നും വദ്രയുടെ അഭിഭാഷകന് സുമന് ജ്യോതി ഖൈതാന്‍ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.


