എം ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തു നിന്നും വിട്ടുവീഴ്ച വേണം. നിര്‍ബന്ധ ബുദ്ധി കാണിക്കരുത്. സര്‍വകലാശാല അനുഭാവ പൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പ്രശ്നങ്ങള്‍ ഗവര്‍ണര്‍ തന്നെ കേള്‍ക്കാന്‍ തയാറാകണമെന്ന് എം ജി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. വൈകിയാണെങ്കിലും ഗവര്‍ണര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. താന്‍ പത്ത് വര്‍ഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും നന്ദകുമാര്‍ കളരിക്കലിനെ ഗവര്‍ണര്‍ വിശ്വസിച്ചിരിക്കുകയാണെന്നും പറഞ്ഞ ഗവേഷക വിദ്യാര്‍ത്ഥിനി വിഷയം പഠിക്കാതെ എങ്ങനെ ഒത്തു തീര്‍പ്പാക്കണമെന്ന് പറയാന്‍ സാധിക്കുമെന്നും പ്രതികരിച്ചു.
അതേസമയം സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എം ജി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിനി രംഗത്തെത്തി . എസ് സി- എസ് ടി കേസ് അട്ടിമറിച്ചത് സിപിഐഎം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണ വിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.


