ചങ്ങനാശേരി സീറ്റിന്റെ പേരില്‍ സിപിഐ ഇടഞ്ഞുനില്‍ക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാനവട്ട ചര്‍ച്ച നടത്തി സമവായമായതിന് ശേഷമാകും ഇടതുമുന്നണി യോഗം ചേരുക.
തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാകുമെന്ന് കരുതിയ സീറ്റ് ചര്‍ച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റില്‍ തട്ടിയാണ് നീണ്ടുപോയത്. ഇന്നലത്തെ ഉഭയകക്ഷി ചര്‍ച്ചയിലും പരിഹാരമാകാതെ വന്നതോടെയാണ് എല്ലാവരോടും ഇന്ന് തന്നെ അവസാനവട്ട ചര്‍ച്ച നടത്താനും ഇടതുമുന്നണി യോഗം ചേരാനും നിര്‍ദേശിച്ചത്.
വൈകിട്ട് 4 മണിക്കാണ് ഇടതുമുന്നണി യോഗം ചേരുന്നത്. അതിന് മുന്‍പ് പ്രശ്നം പരിഹരിക്കാനായി സിപിഐയുമായും ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും. ഇരിക്കൂര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റ് ഉപേക്ഷിക്കുന്ന സിപിഐ 24 സീറ്റിലാകും മത്സരിക്കുക. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി എന്ന വാശിയില്‍ നില്ക്കുന്ന സിപിഐക്ക് പൂഞ്ഞാര്‍ നല്കി പ്രശ്ന പരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.


