മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് മഞ്ചേരിയില്‍ തുടക്കമാകും. ഇവിടെ നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന് അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനം നടക്കുക. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കും.
താന്‍ രാഷട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സോഷ്യല്‍ മൂവ്മെന്റാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു.
പി വി അന്‍വര്‍ ഇന്നലെ രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തും.