മലപ്പുറം: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ല. മുസ്ലിം ലീഗ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിശ്ചയിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉന്നതാധികാര സമിതി ആകും ഇക്കാര്യങ്ങള്‍ നിശ്ചയിക്കുക.
മുതിര്‍ന്ന നേതാക്കള്‍ എവിടെ വേണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ആണ്. മുന്‍പ് സി.എച്ച്. അടക്കം ഉള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം അങ്ങനെ ചെയ്തിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി ഇവിടെ വേണം എന്നത് തീരുമാനിച്ചത് പാര്‍ട്ടിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
പ്രവര്‍ത്തകര്‍ അവരുടെ വികാരമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നത്, അവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ട്. അത് നേതൃത്വം ഉള്‍ക്കൊള്ളുന്നുവെന്നും മുന്നവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടത് ട്രെന്‍ഡ് ഉണ്ടായി, അതിനനുസരിച്ച് വോട്ട് മാറി. ഹാഗിയ സോഫിയ വിവാദം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാദിഖലി ശിഹാബ് തങ്ങള്‍ അക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും അത് മതമേലധ്യക്ഷന്മാര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
ആകെ 27 സീറ്റില്‍ മത്സരിച്ച ലീഗിന് ജയിക്കാന്‍ ആയത് 15 സീറ്റില്‍ മാത്രമാണ്. സിറ്റിംഗ് സീറ്റുകള്‍ ആയിരുന്ന അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി എന്നിവ നഷ്ടമാവുകയും ചെയ്തു. കൊടുവള്ളി ജയിച്ചത് മാത്രം ആണ് അല്പം ആശ്വാസം. മലപ്പുറം ജില്ലയില്‍ 11 സീറ്റുകളാണ് ലീഗ് നേടിയത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടും പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റുകളും നേടി.
താനൂര്‍, ഗുരുവായൂര്‍, പുനലൂര്‍, കൂത്തുപറമ്പ്, പേരാമ്പ്ര, തിരുവമ്പാടി, കുന്നമംഗലം, കോങ്ങാട് എന്നീ സീറ്റുകളിലാണ് ലീഗ് തോറ്റത്. ഇതിന് പുറമെ പല മണ്ഡലങ്ങളിലും ലീഗിന്റെ ഭൂരിപക്ഷം കുറയുകയും ചെയ്തു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പി. കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ നിശിതമായ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതാണ് തിരിച്ചടിക്ക് കാരണം എന്നാണ് സമൂഹ മാധ്യമങ്ങളിലെ ആക്ഷേപം.


