പാലക്കാട് എം.ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ റോഡില്‍ വീണ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നാണ് വടിവാള്‍ റോഡില്‍ വീണത്.

എന്നാല്‍ ജാഥ ഷൂട്ട് ചെയ്യുകയായിരുന്ന പ്രദേശവാസികളുടെ ഫോണില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിയുകയും ഇത് സമൂഹ മാധ്യമത്തില്‍ വൈറലാകുകയും ചെയ്തതോടെയാണ് വിവാദച്ചൂടും ഉയരുന്നത്. സംഭവത്തില്‍ യുഡിഎഫ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വന്‍ വിമര്‍ശനമാണുള്ളത്. കുറിപ്പിനൊപ്പം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘നവോത്ഥാനം താഴെ വീണു. മറ്റു ബൈക്കുകള്‍ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവര്‍ നവോത്ഥാന യാത്ര തുടര്‍ന്നു. അടുത്ത സ്വീകരണ യോഗത്തില്‍ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവര്‍ നടത്തിക്കാണും. നമ്മുടെ ചിഹ്നം വടിവാള്‍’ ഷാഫി കുറിച്ചു.


