ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മറ്റന്നാള്‍ ബില്‍ എടുക്കുമ്പോള്‍ അത് മനസ്സിലാകും. ലീഗിന് അവരുടെ അഭിപ്രായം പറയാം. നിയമസഭയില്‍ പ്രതിപക്ഷത്തെ 41 എംഎല്‍എമാരും ഒറ്റപാര്ട്ടിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും സതീശന് പറഞ്ഞു.
അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ബുധനാഴ്ച പരിഗണിക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചു. ഈ മാസം പതിനഞ്ച് വരെ ചേരാന്‍ തീരുമാനിച്ച സഭാ സമ്മേളനം 13ന് താത്ക്കാലികമായി പിരിയും.
സമ്മേളനം ജനുവരിയില്‍ പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ വേണ്ടിയാണ് അനിശ്ചിത കാലത്തേക്ക് പിരിയുന്നത് ഒഴിവാക്കി താത്കാലികമായി നിര്‍ത്തിവെക്കുന്നത്.


