തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ആദ്യമായി നികുതി വെട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. പണം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മേയര്‍ പറഞ്ഞു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയര്‍ അറിയിച്ചു. വിശദീകരണത്തില്‍ തൃപ്തരാകാതെ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്ലാസ്റ്റിക് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സ്പെഷല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉടനീളം ബിജെപി പ്ലക്കാര്‍ഡുയര്‍ത്തിയും കോണ്‍ഗ്രസ് നടുത്തളത്തളത്തിലറങ്ങിയും പ്രതിഷേധിച്ചു. ഒടുവില്‍ മേയര്‍ നികുതി വെട്ടിപ്പ് വിശദീകരിച്ചു. നടന്നത് അഴിമതിയെന്നും ആരേയും സംരക്ഷിക്കില്ലെന്നും ആര്യാ രാജേന്ദ്രന് വ്യക്തമാക്കി.
ആരുടേയും വീട്ടുകരം നഷ്ടപെടില്ലന്നും മേയര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നറിയിച്ചു. വീട്ടുകരം തട്ടുന്ന മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നേതൃത്വം നല്‍കുന്നത് എല്‍ഡിഎഫാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോര്പറേഷന് പ്രമേയം പാസാക്കണം. ബിജെപി സമരത്തെ അപഹസിച്ച മേയറുടെ നടപടി അപക്വമെന്നും വിവി രാജേഷ് പറഞ്ഞു.
ബി ജെ പിയുടെ രാപകല്‍ സമരം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. നാളെ ബിജെപിയുടെ ജില്ലയി മുഴുവന്‍ ജനപ്രതിനിധികളും കോര്‍പറേഷനു മുന്നില്‍ സത്യഗ്രഹം നടത്തും.


