ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാറിനൊ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണം. മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മൊയ്തിന്റെ ആരോപണം അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്തീന് സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു. സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മന്ത്രി എസി മൊയ്തീനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു.
അതേസമയം, പ്രതികളെല്ലാം ആര്‍എസ്എസ്- ബജംറംഗ്ദള്‍ പ്രവര്‍ത്തകരാണ്. പൊലീസ് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കുന്നംകുളം താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഇവര്‍ പരിശോധിക്കും. നന്ദന്, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി – ബംജ്റഗദള്‍ പ്രവര്‍ത്തകരാണ് ഇവരെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെല്ലാം ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളില്‍ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി.
സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കുള്ള ഒരാള്‍ അല്പസമയത്തിനകം ആശുപത്രി വിടും. പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.
സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികള്‍ പിന്നാലെയോടി സിപിഎം പ്രവര്‍ത്തകരെ കുത്തിയെന്നാണ് മൊഴി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തില്‍ ചോരപ്പാടുകള്‍ കാണാന്‍ സാധിക്കുന്നുമുണ്ട്.


