കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സമ്മര്‍ദം ശക്തമാക്കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഭീഷണി. കമല്‍നാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്. നെഹ്റു കുടുംബാംഗങ്ങള്‍ നേതൃത്വത്തില്‍ ഇല്ലെങ്കില്‍ അണികള്‍ നിരാശരാകുമെന്ന് ഈ നേതാക്കള്‍ നെഹ്റു കുടുംബത്തെ അറിയിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സമവായ നിര്‍ദേശങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തരൂരിനെ ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവാക്കി സമവാക്യം ഉണ്ടാക്കാനാണ് ഈ വിഭാഗം നീക്കം നടത്തുന്നത്. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയുടെ കക്ഷി നേതാവിനെയും മാറ്റണമെന്ന നിര്‍ദേശമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.


