തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാനുള്ള ശക്തിയുടെ രൂപീകരണം സംസ്ഥാനാടിസ്ഥാനത്തില്‍ വേണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കാട്ടാള തുല്യമായ ആശയങ്ങള്‍ ആണ് ബിജെപി നടപ്പാക്കുന്നത്. ചാതുര്‍വര്‍ണ്ണ്യം നടപ്പാക്കല്‍ ആണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തില്‍ യുഡിഎഫും ബിജെപിയും കൂട്ടുകെട്ട് ഉണ്ടാക്കി ഇടതുപക്ഷത്തെ അസ്ഥിരീകരിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. തൃശൂരില്‍ സിപിഐഎം ജനകീയ പ്രതിരോധ ജാഥ യോടൊനുബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ല. 365 ദിവസവും തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലന്നും തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എം വി ഗോവിന്ദന് മറുപടി നല്കി. സാമൂഹിക പ്രവര്‍ത്തനം എന്നാല്‍ സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തെ വോട്ടര്‍മാര്‍ കൈകാര്യം ചെയ്യും. മുമ്പും ചെയ്തിട്ടുണ്ട്. തൃശൂരില്‍ ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറയുകയാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.


