അനാരോഗ്യത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥനത്തു നിന്നും മാറിനില്ക്കാന് സന്നദ്ദനായി വീണ്ടും കൊടിയേരി ബാലകൃഷ്ണന്. ബിനീഷ് കോടിയേരിക്കെതിരായ നടപടികള്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ട്രേറ്റ് കടുപ്പിക്കുന്നതിനിടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തു മാറിനില്ക്കാനൊരുങ്ങുന്നത്.
ബിനീഷിന്റെ ബിസിനസ് അടക്കം വിഷയങ്ങളില്‍ കോടിയേരിക്ക് നേരിട്ട് ബന്ധമില്ലെങ്കിലും പാര്‍ട്ടി സെക്രട്ടറി എന്ന പദവിയും മുന്‍പ് ആഭ്യന്തരമന്ത്രി എന്ന അധികാരവും ബിനീഷ് ഏതെങ്കിലും തരത്തില്‍ മയക്കുമരുന്ന് കേസില്‍ അടക്കം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അതു ഗുരുതരകാര്യമാകും. അങ്ങനെ വന്നാല്‍, ആരോഗ്യകാരണം പറഞ്ഞ് കോടിയേരിക്ക് താല്‍ക്കാലിക അവധി എന്ന ആശയമാണ് ചര്‍ച്ച ചെയ്യുന്നത്.
അതിനാല്‍, കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. കോടിയേരിക്കും സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്ക് വലിയ പ്രതിച്ഛായ നഷ്ടമാണ് ബിനീഷ് വഴി ഉണ്ടായിരിക്കുന്നത്.
നേരത്തെ ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറാന്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറായിരുന്നു. ഇക്കാര്യം കഴിഞ്ഞ 30, 31 തീയതികളില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയെ കോടിയേരി അറിയിച്ചിരുന്നു. എന്നാല്‍ രാജി വലിയ തിരിച്ചടി സൃഷ്ടിക്കും എന്നു തന്നെയായിരുന്നു സിപിഎം നേതൃത്വം വിലയിരുത്തിയത്.
ഈ സാഹചര്യത്തില്‍ സെക്രട്ടറി മാറേണ്ട എന്ന നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണന്നു കോടിയേരിക്ക് നല്ല ബോധ്യം ഉണ്ട്. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും അടക്കം കേസുകള്‍ കൂടി വരുന്നതോടെ കോടിയേരി സ്വയം ഒഴിയാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ ഉണ്ടായാല്‍ എം.വി. ഗോവിന്ദനാകും സെക്രട്ടറിയുടെ ചുമതല നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്.
കൂടാതെ ബിനീഷിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി തുടരുന്ന മൗനവും കോടിയേരി ബാലകൃഷ്ണനെ അസ്വസ്ഥനാക്കുന്നുണ്ട്. ബിനീഷിന്റ വിഷയത്തില്‍ പലവട്ടം ചോദ്യങ്ങളുയര്‍ന്നെങ്കിലും ഒന്നു പ്രതിരോധിക്കാനോ രാഷ്ട്രീയ കവചം തീര്‍ക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇതും കോടിയേരിയെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഭരണം ലഭിച്ച സമയത്തു തന്നെ കോടിയേരി ബാലകൃഷ്ണന് മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു കൊള്ളാതെ വന്നതാണ് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചതെന്നാണ് സൂചന.
കോടിയേരിയുടെ അവധിയപേക്ഷ അംഗീകരിച്ചാല്‍ കേന്ദ്രകമ്മറ്റിയംഗങ്ങളില്‍ ആര്‍ക്കെങ്കിലും ആകും ചുമതല. എംവി ഗോവിന്ദന്, എംഎ ബേബി എന്നിവരുടെ പേരിന് പ്രാമുഖ്യമുണ്ട്. എകെ ബാലന്, കെ രാധാകൃഷ്ണന് എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നു പാര്‍ട്ടിയിലെ ഒരു ചെറിയ വിഭാഗത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ഭൂരിപക്ഷത്തിനും അതിനു താല്‍പ്പര്യമില്ല.


